റെഡ് സ്റ്റാർ കബഡി പ്രാക്റ്റീസ് കോർട്ട് ഉദ്ഘാടനം ചെയ്തു.

Date : 22nd December 2022

കൈതാരം റെഡ് സ്റ്റാർ കബഡി തിരിച്ചു വരുന്നു. ഏതാനും വർഷങ്ങൾ വിസ്മൃതിയിലാണ്ട കായിക വിനോദത്തിന് നാല് പതിറ്റിങ്ങിന്റെ പൂർവ്വ ചരിത്രമുണ്ട്. റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് റെഡ് സ്റ്റാർ കബഡി അക്കാദമി. കബഡി പ്രാക്റ്റീസ് കോർട്ട് ഉദ്ഘാടനം നിർവ്വഹിച്ചത് മുൻ യൂണിവേഴ്സിറ്റി താരവും കോട്ടുവളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ്.ഷാജിയാണ്. കബഡി ദേശീയ താരവും, റെഡ് സ്റ്റാർ കബഡി ടീമിന്റെ കോച്ചുമായ ജിതേഷ് ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത് അംഗം ആശാ സെന്തിൽ , റെഡ് സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റി ജനറൽ സെക്രട്ടറി എൻ.ബി.സോമൻ എന്നിവർ ആശംസകൾ നേർന്നു. പി.ബി.ബിനോയ് സ്വാഗതവും ഒമർ ഷെരീഫ് കൃതജ്ഞതയും രേഖപ്പെടുത്തി. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതാക്കൾ, കലാ-കായിക-സാംസ്കാരിക പ്രവർത്തകർ എന്നിവരടങ്ങിയ പ്രൗഢഗംഭീര സദസ്സ് പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലായി. താത്ക്കാലിക വാടകക്കെട്ടിടത്തിലാണ്
ഇൻഡോർ കോർട്ട് സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് പതിറ്റാണ്ട് സംസ്ഥാനത്തെ കമ്പഡി ചാമ്പ്യന്മായിരുന്നു റെഡ് സ്റ്റാർ ടീം. വിവിധ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ അസ്തിത്വം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഒമർ ഷെരീഫ് ബീച്ച് കബഡിയിൽ ഇന്ത്യൻ ജേഴ്സി അണിയുകയും ആ വർഷത്തെ ജേതാക്കളാകുകയും ചെയ്തു. നിരവധി റെഡ് സ്റ്റാർ കബഡി താരങ്ങൾ മിലിറ്ററി, സംസ്ഥാന പോലീസ്, സംസ്ഥാന - കേന്ദ്ര സർവീസുകൾ എന്നിവിടങ്ങളിൽ ജോലി നേടിയിട്ടുണ്ട്. കൈതാരം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ പല ഘട്ടങ്ങളിലായി സംസ്ഥാന, ദേശീയ ടീമുകളിൽ ഇടം പിടിച്ചിട്ടുമുണ്ട് . വിവിധ യൂണിവേഴ്സിറ്റി ടീമുകളിലും സാന്നിദ്ധ്യമറിയിക്കാനായി.
ഇപ്പോൾ കബഡി തിരിച്ചു വരവിന് തയ്യാറെടുക്കുമ്പോൾ അസൂയാലുക്കളായ പലരും എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ അസുഖത്തിന് ചികിത്സയോ മരുന്നോ ഇല്ല. അത്തരക്കാരെ കാലം മായ്ച്ചുകളഞ്ഞ ചരിത്രമാണുള്ളത്. കലാ-കായിക- സാംസ്കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ബോധപൂർവ്വമായ വേദിയൊരുക്കുന്ന റെഡ്സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ വളർച്ചയും ജനസമ്മതിയുമാണ് ഇത്തരക്കാരുടെ ഉറക്കം കെടുത്തുന്നത്. ഇവിടെ രാഷ്ട്രീയ പരിഗണനയില്ല, ജാതി-മത വ്യത്യാസങ്ങളില്ല , സാമ്പത്തിക ഉച്ചനീചത്വങ്ങളുമില്ല. വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഉള്ള ഭേദവുമില്ല. വിഷലിപ്തമായ വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണ് യാതൊരുവിധ വിവേചനങ്ങളുമില്ലാത്ത പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ....
ഏതൊരു കായിക വിനോദവും നിലനിൽക്കുന്നത് കൃത്യനിഷ്ഠയും നിരന്തരമായ പരിശീലനവും മുഖാന്തിരമാണ്. അത് റെഡ്സ്റ്റാർ കബഡി അക്കാഡമിയിൽ ശാസ്ത്രീയമായി നൽകുന്നുണ്ട്. അതുകൊണ്ട് ഭാവിയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. റെഡ് സ്റ്റാറിന്റെയും കബഡിയുടെയും ചരിത്രം കൈതാരം എന്ന ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ് അതുകൊണ്ട് ഗതകാല കായിക വിനോദങ്ങളെ ഓർത്തെടുക്കുന്നതും ജന സമക്ഷം അവതരിപ്പിക്കുന്നതും ആവശ്യമാണെന്നു തോന്നുന്നു. വൈകാതെ അത്തരം കുറിപ്പ് പ്രതീക്ഷിക്കാം.
കബഡി കോർട്ടിന്റെ ഉദ്ഘാടനത്തെ തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത നാടൻ പാട്ട് കലാകാരനും, സിനി ആർട്ടിസ്റ്റുമായ ഷിബു പുലർക്കാഴ്ചയുടെ നാടൻ പാട്ടുകൾ അരങ്ങിന് ഉത്സവഝായ പകർന്നു.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക

- redstarkaitharam@gmail.com
- +91 94472 66350